മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. മെയ് 12വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഏജൻസി സിസോദിയയുടെ ജാമ്യാപേക്ഷയെ എതിർക്കുകയായിരുന്നു. സിബിഐ കേസിലാണ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടിയത്. സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഈ കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിസോദിയ അറിയിച്ചു. അതിന്റെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്ന് മനീഷ് സിസോദിയയുടെ അഭിഭാഷകർ വാദിച്ചു. കുറ്റപത്രത്തിന്റെ ഇ-പകർപ്പ് നൽകാൻ റോസ് അവന്യൂ കോടതി സിബിഐയോട് നിർദ്ദേശിക്കുകയും ചെയ്തു.  അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ സിസോദിയക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സിബിഐ വ്യക്തമാക്കി.

സിസോദിയയുടെ മൊഴി രേഖപ്പെടുത്തി വെള്ളിയാഴ്ചയ്ക്കകം കുറ്റപത്രം ഇ-പകർപ്പ് നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിന്റെ അടുത്ത വാദം മെയ് 12ന് കോടതി മാറ്റി. സിസോദിയയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഏജൻസി കോടതിയിൽ വ്യക്തമാക്കി. അതേസമയം ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മദ്യവ്യവസായി സമീർ മഹേന്ദ്രുവിന്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന അപ്പീലും ഡൽഹി ഹൈക്കോടതി തള്ളി.

ബുധനാഴ്ചത്തെ ഇഡി കേസിലും സിസോദിയയ്ക്ക് തിരിച്ചടിയായിരുന്നു. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ചു. ഏപ്രിൽ 28ന് സിസോദിയയുടെ ജാമ്യാപേക്ഷയിൽ വിധി പറയും. ഏപ്രിൽ 18ന് സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. ഇതേത്തുടർന്നാണ് കോടതി തീരുമാനം മാറ്റിവെച്ചത്. ഫെബ്രുവരി 26നാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.