വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ എആർ അമീൻ. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നാണ് അമീൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീൻ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടി താഴേക്ക് വീഴുകയായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അമീനാണ് അപകട വിവരം പങ്കുവെച്ചത്.
മുംബൈ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു അപകടം നടന്നത്. ക്രെയിനിൽ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങൾ വേദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു. ഈ സമയം അമീൻ വേദിയിൽ നിൽക്കുകയായിരുന്നു. ഇന്നിപ്പോൾ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് സർവ്വശക്തനോടും മാതാപിതാക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും തന്റെ ആത്മീയഗുരുവിനോടും നന്ദിയുണ്ടെന്ന് അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എ ആർ റഹ്മാനും അപകടത്തെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെ മകൻ എആർ അമീനും ടീമും വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും അപകടത്തിന് ശേഷം പരിക്കുകളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം വളരുന്നതിനനുസരിച്ച്, ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഒരു മുന്നേറ്റം നമുക്കുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.