ജമ്മുകശ്മീരിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി: ഹാൻഡ് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. രജൗരി ജില്ലയിൽ റോഡ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു.

നീലി ഗ്രാമത്തിൽ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ആദ്യം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇവരാണ് വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. ആറ് ഹാൻഡ് ഗ്രനേഡുകളും 127 റൗണ്ട് ജനറൽ പർപ്പസ് മെഷീൻ ഗണ്ണുമാണ് മേഖലയിൽ നിന്നും കണ്ടെത്തിയത്.

ആയുധങ്ങൾക്ക് വളരെ കാലത്തെ പഴക്കമുണ്ടാകുമെന്ന വിലയിരുത്തലിലാണ് സുരക്ഷാ സേന. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ തുരുമ്പിച്ച നിലയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.