ശ്വാസകോശ ക്യാന്‍സര്‍, ഏറ്റവും അപകടകരം: തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങള്‍ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലുണ്ട്.

ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തിന്റെ നിരക്കും ഇപ്പോള്‍ രാജ്യത്ത് ഉയരുകയാണെന്നാണ് മറ്റൊരു പഠനം പറയുന്നത്.

വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ലക്ഷണം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെയാവാം. അതിനാല്‍ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ചുവേദനയും ചിലപ്പോള്‍ ഒരു ലക്ഷണമാകും. അതായത് ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നത് ശ്വാസകോശാര്‍ബുദത്തിന്റെ ഒരു ലക്ഷണമാകാം. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ഒരു ലക്ഷണമാണ്. അതിനാല്‍ അതും നിസാരമായി കാണരുത്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പെട്ടെന്ന് ശരീരഭാരം കുറയുന്നതും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.