പരീക്ഷാക്കാലത്ത് വേണ്ടത് ആരോഗ്യകരമായ ഭക്ഷണക്രമം

പരീക്ഷാക്കാലമായി. ചിട്ടയായ പഠനത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ശീലിക്കേണ്ട കാലം. നല്ല ഭക്ഷണശീലങ്ങള്‍ ബുദ്ധിക്ക് ഉണര്‍വ് നല്‍കുന്നു. അമിതഭക്ഷണം, തെറ്റായ ഭക്ഷണം, ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം ആരോഗ്യത്തേയും പഠനത്തെയും ബാധിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യകരമായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കണം. ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജ്ജത്തിന്റെയും പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തില്‍ നിന്ന് ലഭിച്ചിരിക്കണം.

ആവിയില്‍ വേവിച്ച ഭക്ഷണമാണ് ദഹനത്തിന് നല്ലത്. പ്രഭാത ഭക്ഷണത്തില്‍ ഒരു ഗ്ലാസ്സ് പാല്‍, ഒരു മുട്ട എന്നിവകൂടി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ഇടനേര ആഹാരമായി ലഘുഭക്ഷണം നല്‍കാം. ലഘുഭക്ഷണം പോഷകസമ്പുഷ്ടമാവാന്‍ ശ്രദ്ധിക്കണം. കുട്ടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും ഉണര്‍വും ഏകാഗ്രതയും നല്‍കുന്നതിനും ഇതു സഹായിക്കും. പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസ്, അണ്ടിപ്പരിപ്പ്, സാലഡുകള്‍, സൂപ്പ്, എന്നിവ ലഘുഭക്ഷണമായി നല്‍കാം.