‘പുറകെ ഓടും സാറേ… ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്’! കേരള പോലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ


കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ പിടികൂടിയ കേരളം പോലീസിനെ അഭിനന്ദിച്ച് നദി കൃഷ്ണ പ്രഭ. നേരത്തെ കുട്ടിയെ കണ്ടെത്തിയപ്പോള്‍ പോലീസിനെ അഭിനന്ദിച്ച് താരം പങ്കുവെച്ച പോസ്റ്റിന് നേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണമാണ് കൃഷ്ണ പ്രഭയുടെ പോസ്റ്റ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡിലെ ഡയലോഗിലൂടെയാണ് നടി കേരള പോലീസിന് ആശംസകള്‍ നേര്‍ന്നത്.

കൃഷ്ണ പ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു..

അതേസമയം, ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഇയാളുടെ കുടുംബവുമാണ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലായത്. ഇവരെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കകം പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷ്യൽ ടീം ആണ് ഇവരെ പിടികൂടിയത്. മകൾക്ക് നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. എന്നാൽ കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാളുടെ മൊഴി.