മുതലമട: ലോറി തടഞ്ഞ് ഗുണ്ടാപിരിവ് നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മല്ലങ്കുളമ്പിലെ സഹോദരങ്ങളായ കൃഷ്ണപ്രസാദ് (27), ഹരീഷ് കുമാർ (26), തത്തമംഗലം പിറക്കളം സ്വദേശി ആർ. സുഭാഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രിൽ 30-ന് പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് അതിർത്തിയിൽനിന്ന് കാലിവളവുമായി തൃത്താലയിലേക്ക് പോവുകയായിരുന്ന ലോറിയെ തടഞ്ഞുനിർത്തി 5000 മുതൽ 10000 രൂപവരെ ചോദിക്കുകയും ലഭിക്കാതായപ്പോൾ ലോറി ഉടമയെ ഫോണിൽ ബന്ധപ്പെട്ട് തുക ആവശ്യപ്പെട്ടിട്ടും കിട്ടാതായപ്പോൾ ഡ്രൈവർ തൃത്താല, പട്ടിത്തറ ആദയക്കുന്നത്ത് ഉദയൻ (44), ക്ലീനർ പട്ടിത്തറ ചിറ്റപുറത്ത് നാസർ (31) എന്നിവരെ മൂന്നുപേരും ചേർന്ന് മർദിക്കുകയായിരുന്നു. സംഘം ലോറിയുടെ ചില്ലുകളും തകർത്തു.
കൊല്ലങ്കോട് പൊലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. മറ്റൊരു ലോറിയിൽനിന്നും പണം പിരിച്ചെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. പ്രതികളെ കൊല്ലങ്കോട് പൊലീസ് ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.