പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ പ്രധാനമാണ് കഴുത്ത്. കഴുത്തിലെ ചുളിവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിയേക്കും. സൗന്ദര്യസംരക്ഷണത്തേക്കാള്‍ ആരോഗ്യകരമായ ശീലമായി വേണം ത്വക്ക് സംരക്ഷണത്തെ കാണേണ്ടത്. ദിവസവും സൗന്ദര്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന സമയത്തില്‍ ഒരല്പം ത്വക്ക് സംരക്ഷണത്തിനായും നീക്കിവെക്കണം. വീടുകളില്‍ നമുക്ക് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ കൂടാതെ, സൗന്ദര്യസംരക്ഷണം പരമപ്രധാനമായി കാണുന്ന അഭിനേതാക്കളും മറ്റ് സെലബ്രിറ്റികളുമെല്ലാം ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടെങ്കിലും ചികിത്സയേക്കാള്‍ ഉത്തമം പ്രതിരോധമാണ് എന്നോര്‍ക്കുക. പ്രായം കൂടുന്നതിന് മുമ്പേ തന്നെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യസംരക്ഷണം നടത്തുകയും അത് തുടരുകയുമാണ് ഇത്തരം ചെലവു കൂടിയ ചികിത്സകളേക്കാള്‍ ഏറെ ഗുണകരം.
സൂര്യനിൽ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കുക. സിഗരറ്റ്, മറ്റ് പുകപടലങ്ങള്‍ എന്നിവ ശരീരത്തില്‍ പരമാവധി ഏല്‍ക്കാതെ ശ്രദ്ധിക്കുക. കഴുത്തിന് ആരോഗ്യവും ദൃഢതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇന്ന് വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അതില്‍ മികച്ചത് കണ്ടെത്തി അത് ദൈനംദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
കഴുത്ത് വളച്ച്, കുനിച്ച് നിര്‍ത്താതെ പരമാവധി തല നേരെ നിര്‍ത്തി താടിയെല്ല് ഭാഗം ഉയര്‍ന്ന രീതിയില്‍ കഴുത്തിന് വളവില്ലാതെ ശീലിക്കുക. നമ്മുടെ ശരീരത്തില്‍ പകുതിയിലേറെയും ജലമാണ്. ശരീരത്തിന് അത്യന്താപേക്ഷിതമാണ് ജലം. ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. ത്വക്ക് വളരെ മൃദുവാകാനും ചെറുപ്പമാകാനും വേണ്ടി ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ആരോഗ്യമുള്ള ശരീരത്തിലേ സൗന്ദര്യവുമുണ്ടാകൂ. ഉയരം കൂടിയ തലയിണകള്‍ ആരോഗ്യത്തിന് മാത്രമല്ല, ത്വക്കിന്റെ ദൃഢതയ്ക്കും നല്ലതല്ല. എപ്പോഴും ഉയരം കുറഞ്ഞ ചെറിയ തലയിണകള്‍ വേണം ഉപയോഗിക്കാന്‍. തലയിണകള്‍ വെക്കുമ്പോള്‍ അത് തലയെ മാത്രം താങ്ങുന്ന രീതിയില്‍ ആകരുത്. മറിച്ച് തലയ്ക്കും കഴുത്തിനും ഇടയിലായി രണ്ട് ഭാഗത്തിന് പിന്തുണ നല്‍കുന്ന രീതിയില്‍ വേണം വെയ്ക്കാന്‍.