സഹറിന്റെ കൊലപാതകം; ഒന്നാം പ്രതി രാഹുൽ മുംബൈയിൽ പിടിയിൽ

തൃശ്ശൂരിലെ ബസ് ഡ്രൈവറുടെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിലായി. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടനെ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. രാഹുലിനെ തിങ്കളാഴ്ച തൃശൂരിൽ എത്തിക്കും. ചേർപ്പിലെ സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദിക്കാൻ പദ്ധതിയിട്ടത് രാഹുലായിരുന്നു. ചേർപ്പ് സ്വദേശിയാണ് രാഹുൽ. ഇയാൾക്കെതിരെ  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഫെബ്രുവരി പതിനെട്ടിനാണ് വനിത സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിൽ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികിത്സയിലിരിക്കെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്.

17 ദിവസമാണ് സഹര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജിൽ കിടന്നത്. ഫെബ്രുവരി 21 ന് ചേർപ്പ് പോലീസിന് പരാതി ലഭിച്ചതിന് പിന്നാലെ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അതേസമയം പ്രതികളെ രക്ഷിക്കാൻ ചേർപ്പ് പൊലീസ് സഹായിച്ചുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.