ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. വളർത്തുമൃഗങ്ങൾക്കെതിരെ വന്യജീവി ആക്രമണം സ്ഥിരമായതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി.

തിങ്കളാഴ്ച രാത്രി കൊച്ചു വാഴയിൽ വിനോദ് രവിയുടെ ആടിനെയും കൊന്നു. പ്രദേശത്തെ താമസിക്കുന്ന രണ്ടു പേർ പുലിയെ നേരിട്ടു കാണുകയും ചെയ്തു. വനം വകുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തുകയും ചെയ്തു.

പ്രാഥമിക പരിശോധനയിൽ പുലിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. പെരിയാർ കടുവ സങ്കേതത്തിൽ നിന്നുമെത്തിച്ച നാല് ക്യാമറകളാണ് പല ഭാഗത്തായി സ്ഥാപിച്ചത്. ഇതോടൊപ്പം രാത്രിയിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.