സുരേഷ് ഗോപി എന്ന് കെട്ടാലല്ല, കുണ്ടന്നൂർ എന്ന് കേട്ടാൽ ആളുകൾ ചിരിക്കും: പരിഹസിച്ച് സന്ദീപ് വാര്യർ

കൊച്ചി: സുരേഷ് ഗോപിയെ കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ കഴിഞ്ഞ കുറച്ച് ദിവസമായി നടത്തുന്ന പ്രചാരണത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സുരേഷ് ഗോപി തങ്ങൾക്കൊരു ഭീഷണിയാണെന്ന് അവർ വ്യക്തമായി തിരിച്ചറിയുന്നത് കൊണ്ടാണ് ഏത് നേരവും അദ്ദേഹത്തെ തന്നെ ലക്ഷ്യം വെച്ചുകൊണ്ട് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് സന്ദീപ് വാര്യർ പറയുന്നു. സുരേഷ് ഗോപിയെ കണ്ടാൽ ആളുകൾ ചിരിക്കുമെന്ന ഗോവിന്ദന്റെ പരാമർശത്തിനും സന്ദീപ് വാര്യർ കണക്കിന് കൊടുക്കുന്നുണ്ട്. കെ റെയിലിൽ കയറി അപ്പം വിൽക്കാൻ പോകുന്ന മണ്ടത്തരം കേട്ട് സ്വന്തം പാർട്ടിക്കാർ വരെ ഊറിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിക്കുന്നു.

‘സുരേഷ് ഗോപി എന്ന് കേട്ടാൽ ഇപ്പോൾ ആളുകൾ ചിരിക്കുമത്രെ. നീട്ടിയും കുറുക്കിയും പ്രസംഗിച്ച് രസിപ്പിച്ചിരുന്ന മുതിർന്ന സഖാവിന് കാപ്പിറ്റൽ പണിഷ്മെന്റ് വിധിച്ച ആളാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ പ്രസംഗത്തെ ആക്ഷേപിക്കുന്നത്. സുരേഷ് ഗോപി എന്ന് കെട്ടാലല്ല, കുണ്ടന്നൂർ എന്ന് കേട്ടാൽ ആളുകൾ ചിരിക്കും, ഒരാളുടെ വിഡ്ഢിത്തം ഓർമ്മിക്കുകയും ചെയ്യും. കാരണഭൂതൻ, ഇരട്ട ചങ്കൻ… ഇതൊക്കെ മലയാളിക്കിപ്പോൾ തമാശക്കുള്ള വകകളാണ്. സംസ്ഥാന സെക്രട്ടറി കേരളം മുഴുവൻ ഓടി നടന്ന് കോമാളിത്തം പറയുന്നു.

കെ റെയിലിൽ കയറി അപ്പം വിൽക്കാൻ പോകുന്ന മണ്ടത്തരം കേട്ട് സ്വന്തം പാർട്ടിക്കാർ വരെ ഊറിച്ചിരിക്കുന്നു. സുരേഷ് ഗോപി തന്റെ പ്രസംഗത്തിൽ എണ്ണിയെണ്ണി ഉന്നയിച്ച പ്രശ്നങ്ങളോട് മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ ശേഷിയില്ലാത്ത മിസ്റ്റർ കുണ്ടന്നൂരും സഖാക്കളും ആ മനുഷ്യ സ്നേഹിയെ താറടിച്ച് കാണിക്കാനുള്ള ശ്രമത്തിലാണ്. മറ്റൊന്നും കൊണ്ടല്ല, സുരേഷ് ഗോപി തങ്ങൾക്കൊരു ഭീഷണിയാണെന്ന് അവർ വ്യക്തമായി തിരിച്ചറിയുന്നത് കൊണ്ടാണ്’, സന്ദീപ് വാര്യർ പറയുന്നു.