വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്

തിരുവനന്തപുരം: വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത് എന്നാണ് വനംവകുപ്പിന്റെ കണക്ക്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും വനംവകുപ്പ് അറിയിച്ചു.

133 സംഭവങ്ങളിലായി ആകെ കത്തിയത് 309.3 ഹെക്ടര്‍ വനഭൂമിയാണ്. കൂടുതല്‍ വനഭൂമി കത്തിയത് ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്‍പത്തിനാലിടങ്ങളിലായി 82 ഹെക്ടര്‍ വനഭൂമിയാണ് കത്തിനശിച്ചത്.

മലപ്പുറം പാലക്കാട് ജില്ലകളുള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 69 ഹെക്ടര്‍, തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയുമുള്‍പ്പെടുന്ന സതേണ്‍ ഹെക്ടറില്‍ 51 ഹെക്ടര്‍, എറണാകുളം തൃശൂര്‍ ജില്ലകളുള്ള സെന്റല്‍ സര്‍ക്കിളില്‍ 39, നാല് വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 34 ഹെക്ടര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്താകെ കത്തിനശിച്ച വനഭൂമിയുടെ കണക്ക്.