‘ഞാൻ പറയുന്ന വാർത്ത ഇടാൻ പറ്റില്ലേടാ?’ ദേശാഭിമാനി ലേഖകനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

മലപ്പുറം: ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് രണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി.സുരേഷിനെ മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് മദ്യലഹരിയില്‍ എത്തിയ മൂന്നംഗ സംഘം ഓഫീസില്‍ കയറി അക്രമം അഴിച്ചുവിട്ടത്.

പത്രത്തില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് വിനയന്‍ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിനയന്‍ പറയുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുരേഷ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കു തര്‍ക്കമുണ്ടായി. തുടർന്ന് ഓഫീസിലെത്തി ആക്രമിക്കുകയായിരുന്നു. വിനയന്‍ സുരേഷുമായി വീണ്ടും വാഗ്വാദത്തിലേര്‍പ്പെടുകയും ഓഫീസിലെ കമ്പ്യൂട്ടറിന്‍റെ കീബോര്‍ഡുകൊണ്ട് മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ സുരേഷ് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലേഖകനെ ബ്രാഞ്ച് സെക്രട്ടറി ആക്രമിച്ച സംഭവം പരിശോധിക്കുമെന്ന് മഞ്ചേരി ഏരിയ സെക്രട്ടറി പി കെ ബഷീർ അറിയിച്ചു. പത്ര ഓഫീസിൽ നടന്ന അക്രമം അപലപനീയവും പ്രതിഷേധാർഹവുമാണ്. പത്ര സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തനത്തിനും തടസമായി നിൽക്കുന്ന പ്രവർത്തനങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. പാർട്ടി പ്രവർത്തകർ ഇതിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ സംഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.