മുഗു ബാങ്കിനെതിരെ പരാതി; കൂടുതൽ പേർ രംഗത്ത്

കാസർകോട്: വായ്പാ തട്ടിപ്പ് ആരോപണം നേരിടുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. പല കുടുംബങ്ങളും ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നു. അതേസമയം, ഇടപാടുകാരുടെ സമ്മതം കൂടാതെ പേരുവിവരങ്ങൾ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചെന്നും പരാതിയുണ്ട്.

മുഗു സ്വദേശിയായ മുഹമ്മദ് ഭാര്യയുടെ പേരിൽ മുഗു സഹകരണ ബാങ്കിൽ നിന്ന് വീട് നിർമ്മാണത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി എട്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ 6.5 ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ 48 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ മുഹമ്മദിനെ അറിയിക്കുകയായിരുന്നു. പാസ് ബുക്കോ രസീതുകളോ ബാങ്കിൽ നിന്ന് നൽകിയിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു.

കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥർ എത്തി മുഹമ്മദിന്‍റെ വീടും പരിസരവും പരിശോധിക്കുകയും ജപ്തി നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. മുഹമ്മദിന്‍റെ ഭാര്യ നൂറുനിസയുടെ പേരും ഒപ്പും അവരുടെ സമ്മതമില്ലാതെ അനധികൃതമായി വായ്പയെടുക്കാൻ ഉപയോഗിച്ചതായും കണ്ടെത്തി. ഇതെല്ലാം ചൂണ്ടിക്കാണിച്ച് മുഹമ്മദ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നൽകി.