200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉടൻ അംഗീകാരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നിറ്റാ ജലാറ്റിൻ ഗ്രൂപ്പ് സിഇഒ


തിരുവനന്തപുരം: ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിൻ ഗ്രൂപ്പിന്റെ ഗ്ലോബൽ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ സന്ദർശന വേളയിൽ കേരളത്തിന് വാഗ്ദാനം ചെയ്ത നിക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു. നിക്ഷേപ പദ്ധതിക്ക് ചില ആഗോള പ്രശ്നങ്ങൾ കാരണം പ്രതിസന്ധി നേരിട്ടെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ടെന്ന് കോയിച്ചി ഒഗാത പറഞ്ഞു. 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് കമ്പനിയുടെ അടുത്ത ഡയറക്ടർ ബോർഡ് അംഗീകാരം നൽകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

Read Also: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കേരളത്തിലെ കമ്പനിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയ്ക്ക് ഗ്ലോബൽ സിഇഒ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തിൽ നിർമിക്കുന്ന കമ്പനിയുടെ ഉത്പന്നങ്ങൾ ലോകമെമ്പാടും കയറ്റിയയക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ കമ്പനിയിലെ ട്രേഡ് യൂണിയനുകളുമായി നല്ല ബന്ധമാണ് ഉള്ളതെന്നും കമ്പനിയുടെ തടസ്സരഹിത പ്രവർത്തനങ്ങൾക്ക് ഇതേറെ സഹായകമായിട്ടുണ്ടെന്നും ഒഗാത പറഞ്ഞു.

മരുന്ന് നിർമാണ വ്യവസായത്തിന് അനിവാര്യമായ ഘടകങ്ങളുടെ ഇന്ത്യയിലെ പ്രധാന നിർമാതാക്കളാണ് നിറ്റാ ജലാറ്റിൻ ഇന്ത്യ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ
കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടർ സജീവ് കെ മേനോൻ, ഡയറക്ടർ ഡോ ഷിന്യ താകഹാഷി, കെഎസ്‌ഐഡിസിയുടെ പങ്കാളിത്തത്തോടെയുള്ള നിറ്റാ ജലാറ്റിൻ ഇന്ത്യ കമ്പനി ചെയർമാൻ കൂടിയായ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും സന്നിഹിതരായിരുന്നു.

Read Also: ‘മിത്തുകളുടെ സൗന്ദര്യമാണ് ദൈവ സങ്കൽപത്തിന്റെ മനോഹാരിത എന്നറിയാത്ത വിശ്വാസികൾക്ക് നഷ്ടമാകുന്നത് എത്ര വലിയ അനുഭൂതികളാണ്’