പൊതു ഇടങ്ങളിൽ ഇനി മാസ്ക് നിർബന്ധം! നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ. പൊതു ഇടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതു ഇടങ്ങളിൽ സർക്കാർ മാസ്ക് നിർബന്ധമാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച പ്രസ്താവന തമിഴ്നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടർ സെൽവ വിനായക് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം തൂത്തുക്കുടി ഗവൺമെന്റ് ആശുപത്രിയിൽ കോവിഡ് ബാധ മൂലം ഒരാൾ മരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് തിരുച്ചിയിലും, പുതുച്ചേരി കാരയ്ക്കലിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.