വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍. രാജ്യത്തിന്റെ നിയമചരിത്രത്തില്‍ ഇത്തരം ഒരു വിധി ആദ്യമായിട്ടാണ്. പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന് രാഹുല്‍ എന്നും ഒരു തലവേദനയാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വേട്ടയാടുന്നത്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധത്തില്‍ സിപിഎം പങ്കാളിയാകുന്നുണ്ട്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഒരു തിരുത്തലിന്റെ തുടക്കമാണ്. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ നേതാവാണെന്നും അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയപ്പോള്‍ മുമ്പ് പിന്തുണയ്ക്കാതിരുന്നവര്‍ പോലും പിന്തുണച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.