മുസ്ലിങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംവരണ ക്വാട്ടയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തി കര്‍ണാടക സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കുള്ള 4 ശതമാനം സംവരണം റദ്ദാക്കുകയും സംവരണ ക്വാട്ട 50 ശതമാനത്തില്‍ നിന്ന് 56 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ സംവരണ ക്വാട്ടയില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുസ്ലിങ്ങള്‍ക്കുള്ള 4 ശതമാനം ഒബിസി സംവരണം എടുത്തുകളയാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 ശതമാനം എന്ന വിഭാഗത്തിലേക്ക് മാറ്റും.

പുതിയ മാറ്റ പ്രകാരം മുസ്ലീങ്ങള്‍ക്ക് ബ്രാഹ്‌മണര്‍, വൈശ്യര്‍, മുതലിയാര്‍, ജൈനര്‍ തുടങ്ങിയ വിഭാഗങ്ങളുള്ള ക്വാട്ടയില്‍ മത്സരിക്കേണ്ടതായി വരും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ക്വാട്ട 10 ശതമാനമാണ്.

മുസ്ലിങ്ങളുടെ 4 ശതമാനം സംവരണം വൊക്കലിഗകള്‍ക്കും (2 ശതമാനം), ലിംഗായത്തുകള്‍ക്കും (2 ശതമാനം) വീതിച്ചു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ പട്ടികജാതി (എസ്സി) സംവരണം 15 ല്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗ സംവരണം (എസ്ടി) 3 ല്‍ നിന്ന് 7 ശതമാനമായും ഉയര്‍ത്തുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.