ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്

കണ്ണൂർ: ബ്രണ്ണൻ കോളേജിൽ യേശുവിനെ അപമാനിക്കുന്ന തരത്തിൽ എസ്എഫ്ഐ ബോർഡുകൾ സ്ഥാപിച്ചത് വിവാ​ദമാകുന്നു. പെൺകുട്ടിയെ കുരിശിൽ തറച്ച ചിത്രം അടങ്ങുന്ന ബോർഡാണ് ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിന് വഴിയൊരുക്കിയത്. ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെൺകുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന വാചകവും ബോർഡിലുണ്ടായിരുന്നു. കാസ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ കോളേജ് അധികൃതർ ഇടപെട്ട് ബോർഡുകൾ നീക്കം ചെയ്തു.

ഇതിനെതിരെ ആദ്യം കാസയുടെ കണ്ണൂർ യൂണിറ്റാണ് രംഗത്തെത്തിയത്. തുടർന്ന് വിഷയം ക്രൈസ്തവ യുവജന സംഘടന ഏറ്റെടുക്കുകയായിരുന്നു. ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോർഡെന്നും കെസിവൈഎം വ്യക്തമാക്കിയിരുന്നു. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാർഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്‌ഐ ബോർഡ് നീക്കിയത്. ഇരുമ്പാണിമേൽ തൊഴിക്കുന്നത് എസ്എഫ്‌ഐയ്ക്ക് അപകടകരമാണെന്നും കെസിവൈഎം താമരശ്ശേരി യൂണിറ്റ് മുന്നറയിപ്പ് നൽകി.

ബ്രണ്ണനിലെ SFIയോട് “ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്”(അപ്പ-22:14)
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ SFIയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്.