മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; നോർവെ ഫിഷറീസ് മന്ത്രിയുമായി ചർച്ച

യൂറോപ്പ് : മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയത്. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ ഫിഷറീസ്മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം. ഈ മാസം 13 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്.

ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക.ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 13 ന് മന്ത്രിസഭാ യോഗത്തിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുക്കും.