കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോര്‍പ്പറേഷന്‍ പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അനധികൃത സര്‍വ്വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എല്‍എന്‍ജി ഓട്ടോകള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെര്‍മിറ്റുകള്‍ സിഎന്‍ജി ഓട്ടോകള്‍ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുക, ഓട്ടോ തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂര്‍ ധര്‍ണ്ണയും നടത്തും.