സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിപിഐ തീരുമാനം

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിപിഐ തീരുമാനം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിലൂടെ ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സംഘടന കാര്യങ്ങളെപ്പറ്റിയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് പരസ്യമാക്കില്ല.

റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട് ശേഷം റിപ്പോര്‍ട്ടുകള്‍ ചോരുന്നത് സ്ഥിരമാകുന്നതും പ്രതികൂലമായ വാര്‍ത്തകള്‍ വരുന്നതുമാണ് സിപിഐയേ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ റിപ്പോര്‍ട്ടും നല്‍കാനാണ് ആലോചന. സംഘനാപരമായി രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടുമാണ് സിപിഐ സംസ്ഥാന സമ്മേളനങ്ങളില്‍ അവതരിപ്പിക്കുക.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ തിരുവനന്തപുരത്ത് വെച്ചാണ് സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച അവസാനിച്ച സംസ്ഥാന കൗണ്‍സില്‍ അന്തിമമാക്കിയിരുന്നു.