ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് 7ന് തുടക്കം

എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ 7ന് തുടക്കമാകുമെന്ന് ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി.

ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന ഇടങ്ങളില്‍ ഗാതാഗത തടസ്സവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തവിധവുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ യാത്ര കടന്ന് പോകുന്നിടങ്ങളിലെ ഗതാഗത ക്രമീകരങ്ങള്‍ നടത്തുന്നതിനാവശ്യമായ സഹകരണം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നല്‍കിയിട്ടുണ്ട്. രാവിലെ 7 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെയുമാണ് യാത്ര കടന്ന് പോകുന്നത്.രാവിലെ തിരക്ക് കൂടുതലായതിനാല്‍ പരമാവധി പ്രവര്‍ത്തകരുടെ എണ്ണം ക്രമീകരിച്ചായിരിക്കും യാത്ര കടന്ന് പോകുന്നത്.ഒരു അസംബ്ലി മണ്ഡലത്തില്‍ രണ്ടുബ്ലോക്കുകളാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ ഓരോ ബ്ലോക്കിലേയും അംഗങ്ങളും പ്രവര്‍ത്തകരുമായിരിക്കും നിശ്ചിചിത സ്ഥലങ്ങളിലെ രാവിലത്തെ പദയാത്രയില്‍ അണിനിരക്കുക.

വൈകുന്നേരങ്ങളില്‍ പദയാത്രയില്‍ പൊതുജനങ്ങളുടെയും പ്രവര്‍ത്തകരുടെയും വലിയ പങ്കാളിത്തം ഉറപ്പാക്കും.യാത്ര കടന്ന് പോകുന്ന ഇടങ്ങളില്‍ ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാനാണ് ഇത്തരം ഒരു ക്രമീകരണം ഒരുക്കിയത്. ഓരോ ജില്ലയിലും അതത് ജില്ലാഭരണകൂടങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് പോലീസ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം കത്തുനല്‍കിയിട്ടുണ്ട്.രാവിലെ 10നും വൈകുന്നേരം 4നും ഇടയ്ക്കുള്ള സമയങ്ങളില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള തൊഴിലാളികള്‍,കൃഷിക്കാര്‍,യുവാക്കള്‍,സാംസ്‌കാരിക പ്രമുഖകള്‍ ഉള്‍പ്പെടെയുള്ളവരുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

സെപ്റ്റംബര്‍ 7ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം കന്യാകുമാരിയിലേക്ക് പോകും.മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച ശ്രീപെരുമ്പത്തൂരില്‍ രാവിലെ 7നും 7.45നും ഇടയില്‍ രാഹുല്‍ ഗാന്ധി ആദരാജ്ഞലി അര്‍പ്പിക്കും. വൈകുന്നേരം 3ന് തിരുവള്ളൂര്‍ സ്മാരകവും 3.30ന് വിവേകാനന്ദ സ്മാരകവും 3.50ന് കാമരാജ് സ്മാരകവും സന്ദര്‍ശിക്കും. 4.10 മുതല്‍ 4.30വരെ ഗാന്ധിമണ്ഡപത്തില്‍ പ്രാര്‍ത്ഥനയോഗത്തില്‍ പങ്കെടുക്കും.യാത്രയിലുടനീളം ഉപോയഗിക്കുന്ന ത്രിവര്‍ണ്ണ പതാകയുടെ കൈമാറല്‍ ചടങ്ങ് വൈകുന്നേരം 4.30ന് നടക്കും. തുടര്‍ന്ന് ഭാരത് ജോഡോ പദയാത്രികരോടൊപ്പം മഹാത്മാ ഗാന്ധി മണ്ഡപം മുതല്‍ ബീച്ച് റോഡ് വരെ സഞ്ചരിക്കും.വൈകുന്നേരം 5ന് ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍,എഐസിസി നേതാക്കള്‍,മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,മുന്‍മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കെ.മുരളീധരന്‍ എംപി ഉള്‍പ്പെടെ കേരളത്തിലേയും തമിഴ്നാട്ടിലേയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 7,8,9,10 തീയതികളിലാണ് പദയാത്ര തമിഴ്നാട്ടില്‍ പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ 11ന് രാവിലെ 7ന് പദയാത്രയ്ക്ക് കേരളാ അതിര്‍ത്തിയായ പാറശാലയില്‍ സ്വീകരണം നല്‍കും. 300 പദയാത്രികരാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരം പദയാത്രികരും കേരളത്തില്‍ നിന്നുള്ള 125 പേരും പദയാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളിലെ പ്രതിനിധികളായി 100 പേരും പങ്കെടുക്കും. കേരളത്തില്‍ 19 ദിവസമാണ് പദയാത്ര പര്യടനം നടത്തുന്നത്. ലക്ഷദീപില്‍ നിന്നുള്ള 60 പേരാണ് കേരളത്തില്‍ പദയാത്രയ്ക്കൊപ്പം ചേരുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും ജോഡോ യാത്ര കേരളത്തിലൂടെ കടന്ന് പോകുന്നത്. സെപ്റ്റംബര്‍ 29 ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ പ്രവേശിക്കുമെന്ന് തുടര്‍ന്ന് കര്‍ണ്ണാടകത്തിലേക്ക് പദയാത്ര കടക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.