‘അന്നെനിക്ക് 14 വയസായിരുന്നു, അയാൾ എന്റെ നിതംബത്തിൽ നുള്ളി, വീണ്ടും വീണ്ടും എന്നെ മോശമായി സ്പര്‍ശിച്ചു’: ഭൂമി


ബോളിവുഡിലെ മുന്‍നിര നടിയാണ് ഭൂമി പേഡ്‌നേക്കര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ പിന്‍ബലമോ ഇല്ലാതെയാണ് ഭൂമി സിനിമയിലേക്ക് കടന്നു വന്നത്. ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ദം ലഗാ കെ ഹൈഷ എന്ന ചിത്രത്തിലൂടെയായിരുന്നു ഭൂമിയുടെ അരങ്ങേറ്റം. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഭൂമിക്ക് കഴിഞ്ഞു. ബോളിവുഡിലെ സ്ഥിരം നായിക സങ്കല്‍പ്പത്തിന് പിന്നാലെ പോകാതെ ശക്തമായ കഥാപാത്രങ്ങളായാണ് ഭൂമി എത്താറുള്ളത്. പോയ വര്‍ഷം പുറത്തിറങ്ങിയ ബീഡ്, താങ്ക് യു ഫോര്‍ കമ്മിംഗ് പോലുള്ള സിനിമകളിലും ഭൂമിയ്ക്ക് കയ്യടി നേടാന്‍ സാധിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം വെളിപ്പെടുത്തുകയാണ് ഭൂമി. തന്റെ 14-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ഭൂമി പങ്കുവെക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭൂമിയുടെ വെളിപ്പടുത്തല്‍. അനുഭവം തനിക്ക് വല്ലാത്ത ട്രോമയാണ് നല്‍കിയതെന്നും ഭൂമി പറയുന്നുണ്ട്.

‘ഞാനത് വളരെ വ്യക്തമായി തന്നെ ഓര്‍ത്തിരിക്കുന്നുണ്ട്. ബാന്ദ്രയില്‍ വച്ചായിരുന്നു. അന്ന് സ്ഥിരമായി മേളകള്‍ നടക്കുമായിരുന്നു. ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു പോയത്. എനിക്ക് 14 വയസായിരിക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നു. അല്ലാതെ ഞാന്‍ അറിയാതല്ല. ഞാന്‍ നടക്കുമ്പോള്‍ ഒരാള്‍ എന്റെ നിതംബത്തില്‍ നുള്ളി. ഞാന്‍ തിരിഞ്ഞു നോക്കി. പക്ഷെ ആള്‍ക്കൂട്ടം ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും എന്നെ മോശമായി സ്പര്‍ശിക്കുകയും നുള്ളുകയും ചെയ്തു. എനിക്ക് ഭ്രാന്ത് പിടിച്ചു. പക്ഷെ ഞാൻ പ്രതികരിച്ചില്ല. കാരണം ഞാനാകെ ഞെട്ടിത്തരിച്ച് പോയിരുന്നു. എന്താണ് അനുഭവപ്പെട്ടതെന്ന് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആ തോണ്ടലും നുള്ളലും ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശരീരം ഓര്‍ത്തിരിക്കുന്നത് പോലെയാണ്. ആ ട്രോമയില്‍ നിന്നും ഒരിക്കലും മോചനം സാധ്യമല്ല’, ഭൂമി പറയുന്നു.