അച്ഛന് നക്‌സലൈറ്റ് ബന്ധമുണ്ടെന്നു പറഞ്ഞ് മുടങ്ങിപ്പോയ കല്യാണമാണ്; അച്ഛന്റെ മരണം സമ്മാനിച്ചത് ഒറ്റപ്പെടൽ: നിഖില വിമൽ


അഭിമുഖങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറയാൻ ഒരു മടിയുമില്ലാത്ത ആളാണ് നിഖില വിമൽ. കോവിഡ് സമയത്താണ് നിഖിലയുടെ അച്ഛൻ മരണപ്പെട്ടത്. തന്റെ വ്യക്തിജീവിതത്തെ കുറിച്ചും, അച്ഛന്റെ വേർപാടിനെ കുറിച്ചും നിഖില വിമൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അച്ഛന്റെ മരണം വലിയ ശൂന്യതയാണ് ജീവിതത്തിലുണ്ടാക്കിയതെന്ന് ധന്യ വര്‍മ്മയ്‌ക്കൊപ്പം നടത്തിയ അഭിമുഖത്തിൽ നിഖില തുറന്നു പറഞ്ഞു.

‘പെണ്ണുകാണാന്‍ പോകുമ്പോഴാണ് അച്ഛന്‍ അമ്മയെ ആദ്യമായി കാണുന്നത്. അമ്മ ആ സമയത്ത് കലാമണ്ഡലം കഴിഞ്ഞ നില്‍ക്കുകയും അച്ഛന്‍ നാട്ടിലെ സ്‌കൂളില്‍ അദ്ധ്യാപകനുമായിരുന്നു. ഭാവി വധുവിനെക്കുറിച്ച് കുറച്ച് സങ്കല്‍പ്പങ്ങളൊക്കെ ഉള്ള ആളായിരുന്നു അച്ഛന്‍. നീളന്‍ മുടിയുള്ള പെണ്ണിനെയായിരുന്നു ഇഷ്ടം. അമ്മയെ കണ്ടപ്പോള്‍ തന്നെ അച്ഛന് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ അമ്മയുടെ വീട്ടില്‍ നിന്ന് ചെക്കനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ നക്‌സല്‍ ബന്ധമൊക്കെ വലിയ പ്രശ്‌നമായി. അതോടെ ആ കല്യാണം വേണ്ടെന്നുവെച്ചു. പക്ഷേ അച്ഛന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

കല്യാണം പറ്റില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും അച്ഛന്‍ അതുതന്നെ മതിയെന്ന് ഉറപ്പിച്ചു. അങ്ങനെ അച്ഛന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ അമ്മയെ ഡാന്‍സ് ടീച്ചറായി നിയമിച്ചു. പക്ഷേ വീട്ടില്‍ ആര്‍ക്കും സംഭവം മനസ്സിലായില്ല. പോയി കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് കാര്യങ്ങള്‍ മനസ്സിലായത്. അമ്മയ്ക്ക് അന്നും ഇന്നും പേടിയാണ്. ആളുകള്‍ എന്ത് പറയും എന്നുള്ളതൊക്കെ വലിയ പ്രശ്‌നമാണ്. അച്ഛന് മറ്റ് ടീച്ചര്‍മാരുടെ കൈയ്യില്‍ കത്തുപോലെ ഓരോന്നൊക്കെ കൊടുത്തുവിടും. പക്ഷേ സ്‌കൂളില്‍ വളരെ കുറച്ച് സമയം മാത്രമേ കാണാന്‍ സാധിക്കൂ എന്നുള്ളതുകൊണ്ട് ഞങ്ങളുടെ ഒരു ബന്ധുവിനെ ഡാൻസ് പഠിപ്പിക്കാന്‍ വല്യമ്മയുടെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു. അവിടെയും അച്ഛന്‍ ചെല്ലുമായിരുന്നു. അങ്ങനെ അമ്മയ്ക്കും ഇഷ്ടമായി. പിന്നീടാണ് കല്യാണമൊക്കെ നടക്കുന്നത്.

ആദ്യം വീട്ടില്‍ എതിര്‍ത്തെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു. അവരുടെ കല്യാണം ശരിക്കും ഈ രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുള്ളതായിരുന്നു. വളരെ ലളിതമായിരുന്നു എല്ലാ ചടങ്ങുകളും. വളരെ വിശാലമായി ചിന്തിക്കുന്ന ലോകം കണ്ട ആളാണ് അച്ഛന്‍. പക്ഷേ അമ്മ വളരെ ഒതുങ്ങിയ പഴയ ചിന്താഗതിയൊക്കെയുള്ള ആളായിരുന്നു. അച്ഛനാണ് അമ്മയെ ലോകം കാണിച്ചത്. അമ്മ ഡാന്‍സില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് അച്ഛന്‍ കാരണമാണ്. ഒറ്റയ്‌ക്കൊക്കെ പോയി വരാൻ പോലും കാരണക്കാരനായത് അച്ഛനാണ്. ജീവിതത്തില്‍ ആദ്യമായി അമ്മ ഒറ്റയ്ക്കായിപ്പോകുന്നത് അച്ഛന്റെ മരണത്തോടെയാണ്. പതിനഞ്ച് വര്‍ഷക്കാലം അമ്മ ഒരു കുഞ്ഞിനെ നോക്കുന്നപോലെ കൊണ്ടുനടന്ന ആള്‍ പെട്ടെന്ന് ഇല്ലാതായപ്പോള്‍ ശൂന്യതമാത്രമായി ജീവിതം’, നിഖില പറയുന്നു.