ആപ്പിൾ മേധാവി ടിം കുക്കിനെ കാണാനൊരുങ്ങി ഇലോൺ മസ്ക്, കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യം ഇതാണ്


ആപ്പിൾ മേധാവി ടിം കുക്കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്ക്. ഇൻ ആപ്പ് പർച്ചേസുകൾക്ക് ആപ്പിൾ ഈടാക്കുന്ന 30 ശതമാനം കമ്മീഷനിൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയ്ക്ക് തുടക്കമിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ എക്സ് പോസ്റ്റിൽ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, ഐഒഎസ് ആപ്പുകളിൽ നടക്കുന്ന പണമിടപാടുകളിൽ 30 ശതമാനമാണ് ആപ്പിളിന്റെ കമ്മീഷൻ. കൂടാതെ, എക്സ് ആപ്പ് വഴി വിൽക്കുന്ന സബ്സ്ക്രിപ്ഷനുകളുടെ തുകയിൽ നിന്നും ഈ കമ്മീഷൻ ഈടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മസ്കിന്റെ പുതിയ നീക്കം.

ആപ്പിൾ കമ്മീഷൻ കുറയ്ക്കുന്നതോടെ, ക്രിയേറ്റർമാരുടെ വരുമാനം ഉയർത്താൻ സഹായിക്കുമെന്നാണ് മസ്കിന്റെ വിലയിരുത്തൽ. ആപ്പിൾ ഈടാക്കുന്ന കമ്മീഷനെ ഇന്റർനെറ്റിലെ രഹസ്യ നികുതി എന്നാണ് മസ്ക് മുൻപ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഇത് മസ്കിന്റെ തെറ്റിദ്ധാരണ മാത്രമാണെന്ന് ആപ്പിൾ പ്രതികരിച്ചിരുന്നു. ഇത്തവണ നടത്തുന്ന കൂടിക്കാഴ്ചയിൽ ആപ്പിൾ മസ്കിന് ഇളവ് അനുവദിക്കാൻ തയ്യാറാകുമോ എന്ന് പറയാൻ സാധിക്കുകയില്ല. ഇതിനു മുൻപും കമ്മീഷന്റെ പേരിൽ എപ്പിക് ഗെയിംസ്, നെറ്റ്ഫ്ലിക്സ്, സ്പോർട്ടിഫൈ, കിന്റിൽ എന്നിവരുമായി ആപ്പിൾ നിയമ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നു.