രജനിയുടെ ‘ജയിലർ’നെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളം ‘ജയിലർ’ സംവിധായകൻ


രജനിയുടെ ‘ജയിലർ’നെതിരെ പോരാട്ടവുമായി ധ്യാനിന്റെ ‘ജയിലർ’ സംവിധായകൻ സാക്കിർ മടത്തിൽ.  കൊച്ചിയിലെ കേരളാ ഫിലിം ചേമ്പറിന് മുമ്പിലാണ് സംവിധായകൻ സാക്കിർ മടത്തിൽ ഒറ്റയാൾ സമരം നടത്തുന്നത്. സാക്കിർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ സിനിമയ്ക്ക് റിലീസിനായി തിയറ്ററുകൾ നിഷേധിച്ചെന്നാരോപിച്ചായിരുന്ന സമരം. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇതേ പേരുള്ള തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ സമ്മർദം മൂലമാണ് തനിക്ക് തിയറ്ററുകൾ ലഭിക്കാത്തതെന്നാണ് സാക്കിൽ മടത്തിലിന്റെ വാദം.

40 തിയറ്ററുകളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് അനുവദിച്ചിരിക്കുന്നത്. അത് 75 സ്ക്രീൻ ആക്കണമെന്നതാണ് സാക്കിറിന്റെ ആവശ്യം. മലയാള സിനിമാ ഇൻഡ്ട്രിയെ നശിപ്പിക്കുന്ന സമീപനമാണ് ഇതെന്നും തമിഴ് സിനിമയ്ക്കാണ് തിയറ്റർ ഉടമകൾ പ്രാധാന്യം നൽകുന്നതെന്നും സംവിധായകൻ പറയുന്നു. തമിഴ് സിനിമ മലയാളികളെ ഒഴിവാക്കാൻ തീരുമാനിക്കുമ്പോൾ ഇവിടെ സാഹചര്യം തിരിച്ചാണെന്നും അ‌ദ്ദേഹം ആരോപിച്ചു.

ഓഗസ്റ്റ് 10നാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ജയിലറിന്റെ റിലീസ് തിയതി. അതേ ദിവസം തന്നെയാണ് രജനികാന്ത് ചിത്രമായ ‘ജയിലറിന്റെ’യും റിലീസ്. രണ്ടു ചിത്രത്തിന്റേയും റിലീസ് ഒരേ ദിവസം വന്നതോടെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ജയിലറിന് തിയറ്ററുകളുടെ എണ്ണത്തിൽ കുറവ് വന്നത്.  ‘‘റിലീസ് തിയതി മാറ്റാൻ കഴിയില്ല. വലിയ ‘ജയിലർ’ വന്നുപോയാൽ പിന്നെ ഈ കൊച്ചു ‘ജയിലറി’നു പ്രസക്തിയില്ല. അതുകൊണ്ട് റിലീസ് തിയതി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല. അവർ മുന്നൂറോ നാനൂറോ തിയറ്ററുകളിൽ ഇറക്കട്ടെ, ഞങ്ങൾക്ക് 75 തിയറ്ററുകൾ മതി.’’–സാക്കിർ മടത്തിൽ പറഞ്ഞു.

ഏതു ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് തിയറ്റർ ഉടമകൾ ആണെന്നും ഇതിൽ ഫിലിം ചേംബർ ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ ജി. സുരേഷ് കുമാർ പറഞ്ഞു. സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന രജനികാന്ത് ചിത്രം ഒഴിവാക്കാൻ ആവില്ലെന്ന നിലപാടാണ് തിയറ്റർ ഉടമകളുടേത്. നേരത്തെ കരാർ ഉണ്ടാക്കിയ തമിഴ് ജയിലർ ഒഴിവാക്കാനാവില്ലെന്നും സാക്കിറിന്റെ ചിത്രം കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് തടസമില്ലെന്നും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.