പ്രശസ്ത ബോളിവുഡ് കലാസംവിധായകൻ നിതിൻ ദേശായി ജീവനൊടുക്കിയ നിലയിൽ; നാല് തവണ ദേശീയ പുരസ്കാര ജേതാവ്


ഏറ്റവും മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാർഡ് നാലു തവണ നേടിയ വിഖ്യാത കലാസംവിധായകൻ നിതിൻ ദേശായ് ജീവനൊടുക്കിയ നിലയിൽ. 58 വയസായിരുന്നു. ആമിർ ഖാൻ നായകനായ പ്രശസ്ത ബോളിവുഡ് ചിത്രം ‘ല​ഗാൻ’ ഉൾപ്പെടെ നിരവധി സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ബാജിറാവ് മസ്താനി, ലഗാൻ , ദേവദാസ് തുടങ്ങി ഒട്ടേറെ വമ്പൻ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ കർജാത്തിലുള്ള നിതിൻ ദേശായിയുടെ സ്റ്റുഡിയോയിൽ വെച്ചാണ് അദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രശസ്തമായ എൻഡി സ്റ്റുഡിയോയുടെ ഉടമ കൂടിയാണ് നിതിൻ ദേശായി. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിതിൻ ദേശായിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

20 വർഷം നീണ്ട തന്റെ കരിയറിൽ, അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ പരിചയസമ്പന്നരായ സംവിധായകർക്കൊപ്പം നിതിൻ ദേശായി പ്രവർത്തിച്ചിട്ടുണ്ട്. 1987 ൽ തമസ് എന്ന ടെലിവിഷൻ സീരിയലിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായാണ് ദേശായി തന്റെ കരിയർ ആരംഭിച്ചത്. 1942 ൽ പുറത്തിറങ്ങിയ എ ലവ് സ്റ്റോറി, 2002 ൽ പുറത്തിറങ്ങിയ ദേവദാസ്, 2006 ൽ റീലിസ് ചെയ്ത ലഗേ രഹോ മുന്ന ഭായ് 2010 ൽ പുറത്തിറങ്ങിയ വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ തുടങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

Also read-രജനിയുടെ ‘ജയിലർ’നെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളം ‘ജയിലർ’ സംവിധായകൻ

2019-ൽ പുറത്തിറങ്ങിയ ‘പാനിപ്പത്ത്’ എന്ന ചിത്രത്തിനാണ് നിതിൻ ദേശായി ഏറ്റവുമൊടുവിൽ കലാസംവിധാനം നിർവഹിച്ചത്. അശുതോഷ് ഗോവാരിക്കറാണ് ചിത്രം സംവിധാനം ചെയ്തത്. ഓസ്കാർ പുരസ്കാരം നേടിയ ‘സ്ലം ഡോഗ് മില്യണയർ’ എന്ന ചിത്രത്തിന്റെ സെറ്റുകളും ഇദ്ദേഹം സൃഷ്ടിച്ചതാണ്.

ഹം ദിൽ ദേ ചുകേ സനം, ലഗാൻ, ദേവദാസ് എന്നീ ചിത്രങ്ങളിലെ കലാസംവിധാനത്തിന് അദ്ദേഹത്തിന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2005 ലാണ് നിതിൻ ദേശായി 52 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രശസ്തമായ എൻഡി സ്റ്റുഡിയോ സ്ഥാപിച്ചത്. ജോധ അക്ബർ, ട്രാഫിക് സിഗ്നൽ, റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തുടങ്ങിയ നിരവധി സിനിമകളും ഷോകളും ഈ സ്റ്റുഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ഗണേശ ചതുർത്ഥിക്ക് മുന്നോടിയായി, കഴിഞ്ഞ മാസമാദ്യം നിതിൻ ദേശായി തന്റെ സ്റ്റുഡിയോയിൽ ഒരു പൂജ നടത്തിയിരുന്നു. മുംബൈയിലെ പ്രമുഖ ഗണപതി വി​ഗ്രഹമായ ലാൽബൗഗ്‌ച്യ രാജ അലങ്കരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നതും അദ്ദേഹമാണ്. ഒടിടി പ്ലാറ്റ്‌ഫോമിൽ റീലിസ് ചെയ്യാനിരിക്കുന്ന മഹാറാണ പ്രതാപിനെക്കുറിച്ചുള്ള ഒരു പുതിയ ഷോയുടെ തിരക്കിലായിരുന്നു നിതിൻ ദേശായി.