‘വാക്കുകൾ കൊണ്ട് ഒരാളെ ദുരുപയോഗം ചെയ്യുന്നത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്’: സായി പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിൽ നിലയുറപ്പിച്ച നടിയാണ് സായി പല്ലവി. ‘ഗാർഗി’ എന്ന തമിഴ് ചിത്രമാണ് സായി പല്ലവിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തെലുങ്ക് ചാറ്റ് ഷോയായ നിജാമിൽ ‘ശാരീരികവും വാക്കാലുള്ളതുമായ ദുരുപയോഗത്തെക്കുറിച്ച്’ നടി തുറന്നു സംസാരിച്ചിരുന്നു. വാക്കുകൾ കൊണ്ട് സ്ത്രീകൾ നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായി പല്ലവി മനസ് തുറന്നത്.

‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുകയാണെങ്കിൽ അത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്’, സായി പല്ലവി പറഞ്ഞു. ഒരു മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും നടിയാകാൻ താൻ നടത്തിയ യാത്രയെക്കുറിച്ച് സായ് പല്ലവി തുറന്നു പറഞ്ഞു. ഇൻഡസ്‌ട്രിയിലെ വിജയകരമായ ഒരു സ്ത്രീയുടെ വെല്ലുവിളികളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.

അല്ലു അർജുന്റെയും രശ്മിക മന്ദാനയുടെയും പുഷ്പ: ദി റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സായി പല്ലവിയും ഉള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിൽ നിറസാന്നിധ്യമാണ് സായി പല്ലവി. പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ ഹൃദയം കീഴടക്കാൻ സായി പല്ലവിക്ക് കഴിഞ്ഞു.