തത്ക്കാലം സോഷ്യൽ മീഡിയ വിടുന്നെന്ന് ലോകേഷ് കനകരാജ്

വെറും നാല് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം സൃഷ്ടിച്ച തരംഗം ഇനിയും അടങ്ങിയിട്ടില്ല. 500 കോടി രൂപയ്ക്കടുത്തായിരുന്നു ചിത്രത്തിന്‍റെ കളക്ഷൻ. തന്‍റെ അടുത്ത ചിത്രം എന്തായിരിക്കുമെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ലോകേഷ് പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് ലോകേഷ് അറിയിച്ചു. “ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വൈകാതെ തിരിച്ചെത്തും. സ്നേഹത്തോടെ ലോകേഷ് കനകരാജ് ,” അദ്ദേഹം ട്വീറ്റ് ചെയ്തു.

വിജയ് നായകനാകുന്ന ‘ദളപതി 67’ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ‘മാസ്റ്ററി’ന് ശേഷം ലോകേഷും ഇളയദളപതിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സാമന്തയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സാമന്ത നെഗറ്റീവ് ഷെയ്ഡിലാണ് പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ.