ചാത്തന്നൂർ പോക്സോ കേസ്: മായക്കണ്ണന്റെ ഫോൺ നിറയെ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ

പാരിപ്പള്ളി: കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളുടെ മോശം ചിത്രങ്ങൾ കണ്ടെടുത്തു. നിരവധി പെൺകുട്ടികളെ പ്രതി കബളിപ്പിച്ചതിൻ്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ മായക്കണ്ണൻ എന്ന കണ്ണന്‍ എസ്.മോഹനാണ് പൊലീസ് പിടിയിലായത്. ചാത്തന്നൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

21വയസ്സ് പ്രായമുള്ള പ്രതി ഇതിനോടകം നിരവധി പെൺകുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. ഇതിൽ ഒരു പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പാരിപ്പള്ളിയിലെ ഒരു സിനിമാ തീയേറ്ററിലെ ജീവനക്കാരനാണ് പ്രതി. തീയേറ്ററിൽ സിനിമ കാണാനെത്തുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ചാണ് ഇയാൾ പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത്. ഒപ്പം, സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെയും ഇയാൾ സമാനരീതിയിലാണ് പീഡനത്തിനിരയാക്കുന്നത്.

കേസിനാസ്പദമായ സംഭവത്തിൽ, ഇരയായത് പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയെ പ്രണയം നടിച്ച് റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമാ തിയേറ്ററിലെത്തുന്നതും സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുന്നതുമായ പെണ്‍കുട്ടികളുമായി പ്രതി അടുപ്പം സ്ഥാപിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുക്കും. അവിടെ വച്ച് അവരെ പീഡനത്തിനിരയാക്കും. പിന്നീട് ഇവിടെ വെച്ച് പകർത്തിയ നഗ്ന ഫോട്ടോസും നഗ്ന വീഡിയോസും കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതും പ്രതിയുടെ രീതിയാണെന്നും പൊലീസ് പറഞ്ഞു.