മൂന്ന് വർഷത്തിനുശേഷം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടി. ഓസ്ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിലാണ് മുന്‍ നായകൻ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വറി വരൾച്ചയ്ക്ക് വിരാമമിട്ടത്. കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. 241 പന്തുകള്‍ നേരിട്ട് അഞ്ച് ബൌണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഏറെ കരുതലോടെയായിരുന്നു കോഹ്ലിയുടെ ബാറ്റിങ്.
കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാൻ കോഹ്ലിക്ക് സാധിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവുമധികം റൺസ് നേടുന്നവരുടെ പട്ടികയിൽ രണ്ടാമതെത്താനും കോഹ്ലിക്ക് കഴിഞ്ഞു. വിൻഡീസ് ഇതിഹാസം ബ്രയൻ ലാറയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി രണ്ടാമതെത്തിയത്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.
ഇന്നത്തെ മത്സരത്തിൽ അർദ്ധസെഞ്ച്വറി പിന്നിട്ടതോടെയാണ് കോഹ്ലി 4729 റണ്‍സുമായി പട്ടികയിൽ രണ്ടാമതെത്തിയത്. 89 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. 82 മത്സരങ്ങളില്‍ നിന്ന് ലാറ 4714 റണ്‍സാണ് ഓസീസിനെതിരെ നേടിയത്. 110 മത്സരങ്ങളിൽ നിന്ന് 6707 റണ്‍സ് നേടിയ സച്ചിൻ ടെൻഡുൽക്കർ ഈ പട്ടികയിൽ ഏറെ മുന്നിലാണ്. വിന്‍ഡീസ് ഇതിഹാസങ്ങളായ ഡെസ്മണ്ട് ഹെയ്ന്‍സ് 97 മത്സരങ്ങളില്‍ നിന്ന് 4495 റണ്‍സുമായി നാലാമതും 88 മത്സരങ്ങളില്‍ നിന്ന് 4453 റണ്‍സുമായി വിവിയന്‍ റിച്ചാര്‍ഡ്സ് അഞ്ചാം സ്ഥാനത്തുമാണ്.
നാലാം ടെസ്റ്റിൽ ഇന്ത്യൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 444 റൺസെന്ന നിലയിലാണ്. ഓസീസ് ഒന്നാം ഇന്നിംഗ്സിൽ നേടിയ 480 റൺസ് മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി 37 റൺസ് കൂടി വേണം. 125 റൺസോടെ വിരാട് കോഹ്ലിയും 24 റൺസോടെ അക്ഷർ പട്ടേലുമാണ് ക്രീസിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്.