ദീപാവലി: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി, ദീപാവലി ആശംസകള്‍ നേര്‍ന്ന് വൈറ്റ്ഹൗസ്
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ദീപാവലി പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് മേയറിന്റെ ഓഫീസ് അറിയിച്ചു.
ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു. ജൂണ്‍ മാസത്തില്‍ തന്നെ ദീപാവലിയ്ക്ക് സ്‌കൂള്‍ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 1.1 ദശലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. വിവിധ മത വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍.
ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസും എക്‌സിലൂടെ ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ലോക വ്യാപര സംഘടനയുടെ അടക്കം ന്യൂയോര്‍ക്ക് നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കിയിട്ടുണ്ട്.