ഉത്തര കൊറിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരങ്ങള്‍ മരിച്ചതിന് 30 ഉദ്യോഗസ്ഥരെ കൊന്ന് കിം ജോങ് ഉന്‍


പോങ്യോങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2019 മുതല്‍ ചാഗാംഗ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്ഹൂണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.

15,400 ആളുകള്‍ക്ക് പ്യോംങ്യാങില്‍ അഭയമൊരുക്കുകയും ചെയ്തു. എന്നിരുന്നാലും, വെള്ളപ്പൊക്കത്തില്‍ നിരവധിയാളുകള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കിം നിഷേധിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂര്‍വമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.