കോവിഡ് വാക്സിന്റെ പാർശ്വഫലം അത്യപൂർവ്വം,10ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക് മാത്രം, എടുത്തവർ അപകടാവസ്ഥയിലല്ലെന്നും ഗവേഷകർലോകത്തെ ആട്ടിയുലച്ച കോവിഡ് മഹാമാരിക്ക് പ്രതിരോധം തീർക്കാൻ ലോകമെമ്പാടും ആശ്രയിച്ച വാക്സിനാണ് കോവിഷീൽഡ്. ആദ്യകാലങ്ങളിൽ താരപരിവേഷം കിട്ടിയ കോവിഷീൽഡ് ഇപ്പോൾ സമൂഹത്തിൽ ആശങ്കകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് സമൂഹത്തിൽ നടക്കുന്ന ചൂടുപിടിച്ച ചർച്ചകൾ തന്നെയാണ്.

കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് രംഗത്തെത്തിയത് നിർമ്മാതാക്കളായ ആസ്ട്രസെനെക്ക കമ്പനി തന്നെയാണ്.യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്. കമ്പനിയുടെ തുറന്നുപറച്ചിൽ ആശങ്കൾക്കിടയാക്കുകയും ചെയ്തിരുന്നു.

എന്നാൽ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്നാണ് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ​ഗം​ഗാഖേഡ്കർ പറയുന്നത്. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.പത്തു ലക്ഷത്തിൽ ഏഴോ എട്ടോ വ്യക്തികളിൽ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറയുന്നു. വാക്സിന്റെ ആദ്യഡോസ് എടുക്കുമ്പോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്പോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്പോഴേക്കും തീരെ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

വാക്സിന്റെ പാർശ്വഫലം ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളിൽ പ്രകടമാവുമെന്നും ഡോ. രാമൻ പറഞ്ഞു. ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്സിൻ അവതരിപ്പിച്ച് ആറുമാസത്തിനുള്ളിൽത്തന്നെ ടി.ടി.എസ്. എന്ന അപൂർവ പാർശ്വഫലത്തേക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴത്തേത് പുതിയ വിവരമല്ല. അടിയന്തര സാഹചര്യങ്ങളിൽ ​ഗുണദോഷഫലങ്ങൾ സംബന്ധിച്ച പഠനം നടത്തുകയും ​ഗുണവശങ്ങൾ‌ ദോഷവശങ്ങളേക്കാൾ വളരെയധികം കൂടുതലാണെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ അനുമതി നൽകുകയുള്ളൂ. ഈ കേസിലും ​ദോഷത്തേക്കാൾ കൂടുതൽ​ ​ഗുണമായിരുന്നു- ഡോ. രാമൻ പറയുന്നു.

യു.കെയിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്.

തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.

ശരീരത്തിന്റെ ചില ഭാ​ഗങ്ങളിൽ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്ലെറ്റുകൾ അപകടകരമായ രീതിയിൽ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകൾ, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാ​ഗങ്ങളിൽ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളിൽ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.