കനത്ത മഴയില്‍ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വന്‍ ദുരന്തം, 36 മരണം, കാറുകള്‍ മണ്ണിനടിയില്‍: മരണ സംഖ്യ ഉയരും


ബെയ്ജിങ്: കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകര്‍ന്ന് വന്‍ ദുരന്തം. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്ന് 36 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. മൈജൗ നഗരത്തിനും ഡാബു കൗണ്ടിക്കും ഇടയിലുള്ള എസ് 12 ഹൈവേയുടെ 17.9 മീറ്ററോളം ഹൈവേ മണ്ണിടിഞ്ഞ് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹൈവേ അടച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഗ്‌നിശമന സേനയും പൊലീസുമടക്കം 500 ഓളം ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഹൈവേയില്‍ നിന്നും കാറുകള്‍ മണ്ണിനൊപ്പം ഇടിഞ്ഞ് താഴുകയായിരുന്നു. ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു.

ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് 110,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പ്രാദേശിക സര്‍ക്കാര്‍ പറയുന്നു. പ്രളയത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 10 പേരെ കാണാതായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.