ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്‍റെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ്, 7 ദിവസത്തെ ദുഃഖാചരണം


അബുദബി: ഇന്ന് അന്തരിച്ച അൽ ഐൻ മേഖലയിലെ അബുദബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. മെയ് ഒന്ന് മുതൽ ഏഴ് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടി പ്രസിഡൻഷ്യൽ കോടതി ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡൻഷ്യൽ കോടതിയാണ് മരണവാർത്ത പുറത്തുവിട്ടത്.

‘പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിൻ്റെ നാമത്തിൽ… ദൈവത്തിൻ്റെ കൽപ്പനയോടും വിധിയോടും വിശ്വസ്തതയുള്ള ഹൃദയത്തോടെ, പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ അമ്മാവൻ ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ വിയോ​ഗത്തിൽ അനുശോചിച്ചു. അബുദബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധിയാണ് ഇന്ന് അന്തരിച്ച ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ. അല്ലാഹു പരേതനെ തൻ്റെ വലിയ കാരുണ്യത്താൽ വർഷിക്കുകയും സ്വർഗത്തിൽ വസിക്കുകയും ചെയ്യട്ടെ, അൽ നഹ്യാൻ കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകട്ടെ’.- പ്രസിഡൻഷ്യൽ കോടതി പറഞ്ഞു.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിഡൻ്റിനെയും അൽ നഹ്യാൻ കുടുംബത്തെയും യുഎഇ ജനതയെയും അനുശോചനം അറിയിച്ചു. ഷെയ്ഖ് തഹ്‌നൂൻ്റെ നേട്ടങ്ങളും അദ്ദേഹത്തിൻ്റെ ദാനത്തിൻ്റെ വർഷങ്ങളെ കുറിച്ച് ഷെയ്ഖ് മുഹമ്മദ് ഓർമ്മിച്ചു. ഷെയ്ഖ് തഹ്നൂൻ മുമ്പ് അബുദബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) ചെയർമാനും അബുദബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു.