കാമുകിക്കൊപ്പം ടൂർപോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത കാമുകൻ കാമുകിയെ വഞ്ചിച്ച് മറ്റൊരു യുവതിയെ കൂടെക്കൂട്ടി, കാമുകി ചെയ്തത്


പ്രണയ ബന്ധത്തിൽ വഞ്ചന കാണിക്കുന്നവ‍ർക്ക് തിരിച്ച് പലതരത്തിൽ പണി കൊടുക്കുന്നവരുണ്ട്. അത്തരത്തിലൊരു കാമുകന് കിട്ടിയ പണി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കാമുകിയെ വഞ്ചിച്ച് മറ്റൊരു യുവതിയുമായി സ്പെയിനിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടയാൾക്കാണ് എട്ടിൻെറ പണി കിട്ടിയത്. ഗേൾസ് ഓവർഹേർഡ് പോഡ്‌കാസ്റ്റിലാണ് ഒരു യുവതി തൻെറ സുഹൃത്തിൻെറ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്.

സംഭവം ഇങ്ങനെ,

നന്നായി മുന്നോട്ട് പോവുകയായിരുന്ന പ്രണയബന്ധത്തിൽ നിന്ന് പെട്ടെന്ന് കാമുകൻ പിൻമാറുന്നതായി കാമുകിയെ അറിയിച്ചു. ഒരു മുന്നറിയിപ്പോ പറയത്തക്ക പ്രശ്നങ്ങളോ ഒന്നുമില്ലാതെയുള്ള ഈ പിൻമാറ്റം കാമുകിയിൽ സംശയങ്ങളുണ്ടാക്കി. പട്ടാളത്തിൽ ജോലി ചെയ്യുന്നയാളായിരുന്നു കാമുകൻ. ഒരു ദിവസം ഫോണിൽ വിളിച്ചാണ് പെട്ടെന്ന് പ്രണയത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചത്. പെട്ടെന്നുള്ള പിൻമാറ്റം യുവതിയെ അൽപം ബുദ്ധിമുട്ടിലാക്കിയെങ്കിലും അത് ഉൾക്കൊള്ളാൻ അവൾ തയ്യാറായിരുന്നു.കൂടുതലൊന്നും അതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ അവൾ മുൻകയ്യെടുത്തുമില്ല.

എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇരുവരും ചേർന്ന് നേരത്തെ തന്നെ ഒരു അവധിക്കാല ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. സ്പെയിനിലെ ലാൻസരോട്ടെയിലേക്കായിരുന്നു ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാത്തതിനാൽ പോവേണ്ടതില്ലെന്ന് തീരുമാനിക്കുമെന്നാണ് യുവതി കരുതിയത്. എന്നാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടതില്ലെന്നും താൻ അമ്മയ്ക്കൊപ്പം യാത്ര ചെയ്യാൻ പദ്ധതിയിടുകയാണെന്ന് കാമുകൻ പറഞ്ഞു.

കാമുകിയുടെ ടിക്കറ്റിൻെറ പണം തിരികെ നൽകാമെന്നും ഉറപ്പ് നൽകി. യുവതിക്ക് അക്കാര്യത്തിലും പ്രത്യേകിച്ച് സംശയമൊന്നും തന്നെ തോന്നിയില്ല. അയാൾ പറയുന്ന പോലെത്തന്നെ കാര്യങ്ങൾ നടക്കട്ടെയെന്നാണ് അവൾ തീരുമാനിച്ചത്. എന്നാൽ ടിക്കറ്റിലെ പേര് മാറിക്കൊണ്ടുള്ള ട്രാവൽ ആൻറ് ടൂറിസം കമ്പനിയുടെ അറിയിപ്പ് ലഭിച്ചപ്പോഴാണ് യുവതി ശരിക്കും ഞെട്ടിയത്. തൻെറ പേരിന് പകരം യുവാവിൻെറ അമ്മയുടെ പേരല്ല ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. മറ്റേതോ പെൺകുട്ടിയുടെ പേരാണ് ടിക്കറ്റിൽ ഉണ്ടായിരുന്നത്.കാമുകന് രഹസ്യമായി ഒരു ടിൻഡർ അക്കൌണ്ട് ഉണ്ടെന്നും അത് വഴി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കാമുകി മനസ്സിലാക്കി.

അതായത് തന്നെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയെയും കൊണ്ട് സ്പെയിനിലേക്ക് പോകാനുള്ള കാമുകൻെറ പദ്ധതിയായിരുന്നു അത്. അത് പൊളിക്കണമെന്ന് തന്നെ അവൾ തീരുമാനിച്ചു. സ്പെയിനിലേക്കുള്ള ടിക്കറ്റ് അവൾ തന്നെ ട്രാവൽ വെബ്സൈറ്റിൽ കയറി ക്യാൻസൽ ചെയ്തു. ട്രിപ്പ് പോവുന്നതിൻെറ തലേദിവസമാണ് ടിക്കറ്റ് ക്യാൻസൽ ചെയ്തത്. അതിനാൽ തന്നെ ഒരൊറ്റ പൈസ തിരിച്ച് കിട്ടുകയും ചെയ്യില്ല. അങ്ങനെ വഞ്ചിച്ച കാമുകൻെറ ട്രിപ്പും ക്യാൻസലായി. ഒപ്പം പണവും പോയിക്കിട്ടി. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. ഈ പ്രതികാരം നിരവധി പേർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. പെൺകുട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് കമൻറ് ചെയ്തിരിക്കുന്നത്.