വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു: ശ്രീലങ്കൻ പ്രസിഡന്റ്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ ലോഞ്ചിംഗ് വേളയിലാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികമായും സാംസ്‌കാരികമായും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ രണ്ട് രാജ്യങ്ങൾക്കിടയിലും പണമിടപാടുകൾ നടക്കുന്നു. അക്കാലത്ത് സെൻട്രൽ ബാങ്കുകൾ ഇല്ലായിരുന്നു. ഇന്ന് യുപിഎ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ നിരവധി വിനോദസഞ്ചാരികൾ ശ്രീലങ്ക സന്ദർശിക്കാനെത്തും. ഇത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ സഹായകമാണെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിംഗ് ആരംഭിച്ചത്. മൗറീഷ്യസിൽ റൂപേ (RuPay) കാർഡ് സർവീസുകളുടെ സേവനവും ആരംഭിച്ചു. യുപിഐ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഭാരതീയർക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താവുന്നതാണ്.