ഹരിഹരൻ നയിച്ച സംഗീത പരിപാടിക്കിടെ ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്


പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത വിരുന്നിൽ കാണികൾക്ക് പരിക്ക്. ശ്രീലങ്കയിലെ ജാഫ്‌നാ കോർട്ട്യാർഡിൽ ഇന്നലെ രാത്രി നടന്ന പരിപാടിയിലാണ് സംഭവം. പിന്നാലെ പരിപാടി താൽക്കാലികമായി നിർത്തിവച്ചു.

കഴിഞ്ഞ ഡിസംബറിൽ നടത്താൻ തീരുമാനിച്ച പരിപാടി മോശം കാലാവസ്ഥയെ തുടർന്ന് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോഴുണ്ടായ തിരക്ക് മൂലമാണ് പരിക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് എത്തി ആളുകളെ നിയന്ത്രിച്ചു.

തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോൻ, ബാല, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നടി രംഭയുടെ ഭർത്താവ് ഇന്ദ്രനും അവരുടെ നൊത്തേൻ യൂണിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷം എ ആർ റഹ്‌മാൻ നയിച്ച സംഗീത പരിപാടിയിലും സമാനമായ സാഹചര്യം ഉണ്ടായതിനെത്തുടർന്ന് പരിപാടി നിർത്തി വെച്ചിരുന്നു. ‘മറകുമാ നെഞ്ചം’ എന്ന പേരിൽ ചെന്നൈ ആദിത്യ റാം പാലസിൽ വെച്ചായിരുന്നു എ ആർ റഹ്‌മാന്റെ സംഗീത വിരുന്ന് നടന്നത്.