ദോഹ: രാജ്യത്ത് പുതുതായി എത്തുന്ന പ്രവാസികൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പുതുതായി എത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം നിർബന്ധമായും റസിഡൻസി പെർമിറ്റുകൾ തയ്യാറാക്കേണ്ടതാണ്. റസിഡൻസി പെർമിറ്റ് എടുക്കുന്നതിൽ വീഴ്ച വരുത്തുന്ന പ്രവാസികൾക്ക് വൻ തുക പിഴ ചുമത്തുന്നതാണ്. പരമാവധി 10,000 റിയാൽ വരെയാണ് പിഴ തുകയായി ഈടാക്കുക. ഇത് സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഖത്തറിൽ തൊഴിൽ തേടിയെത്തുന്ന പ്രവാസികൾക്ക് റസിഡൻസി പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ 3 മാസം വരെയാണ് സമയം അനുവദിച്ചിരുന്നത്.
പുതിയ അറിയിപ്പ് അനുസരിച്ച്, പ്രവാസികൾ നിർബന്ധമായും 30 ദിവസത്തിനകം തന്നെ മുഴുവൻ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴ കർശനമാണെന്നിരിക്കെ തൊഴിലുടമകളും പ്രവാസികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും, നിയമങ്ങൾ അനുസരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.