ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ സ്വതന്ത്ര സഞ്ചാരത്തിന് വിലക്ക്, അതിർത്തിയിൽ വേലികെട്ടൽ ആരംഭിച്ച് കേന്ദ്രം


ന്യൂഡൽഹി: ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. 2021 ഫെബ്രുവരി 1ന് ജനാധിപത്യഭരണം അട്ടിമറിച്ച് സൈന്യം മ്യാൻമർ പിടിച്ചടക്കിയതോടെ പൊട്ടിപ്പുറപ്പെട്ട കലാപം ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് സംഘർഷം രൂക്ഷമായതോടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം.

രാജ്യത്തിന്റെ ആഭ്യന്തര സുുരക്ഷയ്ക്കായും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനാധിപത്യ ഘടന സംരക്ഷിക്കുന്നതിനുമാണ് ഇന്ത്യ – മ്യാൻമർ സ്വതന്ത്ര സഞ്ചാരത്തിന് വിലക്കേർപ്പെടുത്തുന്നതെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.

‘നമ്മുടെ അതിർത്തികൾ സംരക്ഷിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢ നിശ്ചയമാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കായും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനാധിപത്യ ഘടന സംരക്ഷിക്കുന്നതിനായി ഇന്ത്യ – മ്യാൻമർ സ്വതന്ത്ര സഞ്ചാരത്തിന് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തുകയാണ്.

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വഴി ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരമാണ് വിലക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാശയിൽ വിദേശകാര്യ മന്ത്രാലയം ഇതിനായുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി’- അമിത് ഷാ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുമെന്നും പട്രോളിംഗ് ട്രാക്ക് നിർമിക്കുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. മണിപ്പൂരിലെ മൊറെയിൽ 10 കിലോമീറ്ററോളം വേലികെട്ടിക്കഴിഞ്ഞു. ഹൈബ്രിഡ് സർവെയ്‌ലൻസ് പദ്ധതി വഴി വേലി കെട്ടുന്നത് പുരോഗമിക്കുകയാണ്. ഈ പദ്ധതി വഴി ഒരു കിലോമീറ്ററുകളോളം വേലി കെട്ടും. മണിപ്പൂരിൽ 20 കിലോമീറ്ററോളം വേലി കെട്ടാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അമിത് ഷാ എക്‌സിലൂടെ അറിയിച്ചിരുന്നു.