സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനുമൊടുവിൽ പാകിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്


ഇസ്ലാമാബാദ്: ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക പ്രതിസന്ധിയിലും ആക്രമണങ്ങൾക്കുമിടയിൽ പാകിസ്താൻ ഇന്ന് ബൂത്തിലേക്ക്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിം​ഗ് നടക്കുക. ഫെബ്രുവരി ഒൻപതിനാകും വോട്ടെണ്ണൽ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വോട്ടെടുപ്പ് നടക്കാനിരിക്കെയും പാകിസ്താനിൽ ആക്രമണങ്ങൾ തുടരുകയാണ്. ഇന്നലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് സമീപം നടന്ന സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു 16-ാമത് അസംബ്ലി തിരഞ്ഞെ‌ടുപ്പാണ് ഇന്ന് നടക്കുന്നത്. 12.8 കോടി പേരാകും ഇന്ന് സമ്മതിദാനാവകാശം വിനിയോ​ഗിക്കുക.

266 സീറ്റുകളിലായി 44 രാഷ്‌ട്രീയ പാർട്ടികളാണ് മത്സര രം​ഗത്തുള്ളത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലീം ലീഗ് -എൻ, മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന പാർട്ടികൾ. തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്താനിൽ ഭരിച്ചിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീകെ ഇൻസാഫ് സ്ഥാനാർത്ഥികൾ സ്വാതന്ത്രരായായിരിക്കും ജനവിധി തേടുക.