മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി, അതീവ ഗുരുതരാവസ്ഥയില്‍


ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ദേരാ ഗാസി ഖാനില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലാണ് സാജിദ് മിര്‍. ഇവിടെ വച്ചാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത് . സിഎംഎച്ച് ബഹവല്‍പൂരില്‍ ചികിത്സയിലാണ് മിര്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയാണ് ഇയാളെ വിമാനമാര്‍ഗം ആശുപത്രിയിലെത്തിച്ചത് . നിലവില്‍ മിറിന്റെ നില ഗുരുതരമാണെന്നും, വെന്റിലേറ്ററിലാണെന്നുമാണ് വിവരം.

ജയിലില്‍ ഭക്ഷണം പാകം ചെയ്യുന്നവരിലാണ് പാകിസ്ഥാന്‍ പോലീസും, അധികൃതരും സംശയം ഉന്നയിക്കുന്നത്. ഇവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വന്ന പാചകക്കാരനാണ് ഇവിടെ ഭക്ഷണമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. പാചകക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്.

26/11 ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിച്ച ഭീകരരില്‍ ഒരാളാണ് സാജിദ് മിര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാളെ മാറ്റിയത്. അമേരിക്കയും ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ (41.68 കോടി രൂപ) യാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് .