കോപ് 28: പ്രതിനിധി സംഘത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്


ദുബായ്: ദുബായ് എക്‌സ്‌പോ സിറ്റിയിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവൻമാരുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പോളണ്ട് രാഷ്ട്രപതി ആൻഡ്രെജ് ദുഡ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി,അൽബേനിയയുടെ പ്രധാനമന്ത്രി എഡി രാമ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. യുഎഇയും അതത് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെ കുറിച്ചും ചർച്ച നടന്നു. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും നേതാക്കൾ സംസാരിച്ചു.

അതേസമയം, കോപ് 28 വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ യുഎഇ രാഷ്ട്രപതി മുൻകൈയെടുത്ത് ആഗോള കാലാവസ്ഥ പ്രവർത്തനത്തിലെ ഫണ്ടിംഗ് വിടവ് പരിഹരിക്കുന്നതിനായി 30 ബില്യൺ യുഎസ് ഡോളർ ഫണ്ട് നൽകാൻ തീരുമാനിച്ചത്തിനെ പ്രതിനിധി സംഘത്തലവന്മാർ അഭിനന്ദിച്ചു.