ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ളത് ഇന്ത്യയില്‍, രണ്ടാം സ്ഥാനം ഇസ്രായേലിന്



ഭക്ഷണശീലങ്ങളില്‍ ലോകം ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കാണ്. ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിന് മാംസ വിഭവങ്ങളെ അപേക്ഷിച്ച് വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് ഏറ്റവും ഗുണകരമെന്നതിനാല്‍ പല സെലിബ്രിറ്റികളും ഈ ഭക്ഷണശീലങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നു.

എന്നാല്‍, വെജിറ്റേറിയന്‍ ഭക്ഷണക്കാര്‍ രണ്ട് തരത്തിലുണ്ട്. സാധാരണ വെജ് ഭക്ഷണപ്രിയര്‍ പാലുല്‍പ്പന്നങ്ങളും, തേനും തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറില്ല, എന്നാല്‍ യഥാര്‍ത്ഥ സസ്യാഹാരം ശീലിക്കുന്നവര്‍ ഇത് രണ്ടും കഴിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് വെച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ളത്.
ഇന്ത്യയില്‍, ചില വ്യക്തികള്‍ ലാക്ടോ-വെജിറ്റേറിയനിസം പാലിക്കുന്നവരാണ്, അവര്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും മുട്ട ഒഴിവാക്കുകയും ചെയ്യുന്നു. അതിശയകരമെന്നു പറയട്ടെ, ലോകത്ത് ഏറ്റവും കുറഞ്ഞ മാംസ ഉപഭോഗ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

വെജിറ്റേറിയനിസത്തോടുള്ള ഇഷ്ടത്തിന് പിന്നില്‍ ആരോഗ്യവും സൗന്ദര്യ സംരക്ഷണവും തന്നെ. മതം, ധാര്‍മ്മിക പ്രേരണകള്‍, സാമ്പത്തിക പരിഗണനകള്‍, മാംസത്തോടുള്ള വെറുപ്പ്, സാംസ്‌കാരിക സ്വാധീനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രിയമുള്ളതാക്കുന്നു . ഇന്ത്യയില്‍ ലിംഗായത്തുകള്‍, ബ്രാഹ്മണര്‍, ജൈനന്മാര്‍, വൈഷ്ണവര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കിടയില്‍ സസ്യാഹാരമാണ് പിന്തുടരുന്നത്.

ഇസ്രായേലാണ് സസ്യാഹാരത്തെ ഇഷ്ടപ്പെടുന്ന മറ്റൊരു രാജ്യം. ജനസംഖ്യയുടെ 13 ശതമാനം വെജിറ്റേറിയന്‍ ആണ്. ഇസ്രായേലില്‍ സസ്യാഹാരം എന്ന ആശയം അവതരിപ്പിച്ചതിന്റെ ബഹുമതി ജൂതമതത്തിനാണ്.