ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനം


വാഷിങ്ടണ്‍: ജിമ്മും വ്യായാമവും പുരുഷന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് പഠനത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍, മിക്ക പുരുഷന്മാരും ഇതേ കുറിച്ച് ബോധവാന്‍മാരല്ലെന്നും പഠനത്തില്‍ പറയുന്നു.

റീപ്രൊഡക്ടീവ് ബയോമെഡിസിന്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജിമ്മില്‍ സ്ഥിരമായി പോകുന്ന 152 പേരെയാണ് സര്‍വേയ്ക്കായി തിരഞ്ഞെടുത്തത്. ഇവര്‍ ഉപയോഗിക്കുന്ന പ്രോട്ടീന്‍ പൗഡറുകളും അമിത ഭാരോദ്വഹനവും ഇവരുടെ പ്രത്യുല്‍പ്പാദന ശേഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന വിവരം ഇവരില്‍ പലര്‍ക്കും അറിയില്ലെന്ന വസ്തുതയാണ് സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 52ശതമാനം പേരും ഇതിനെ കുറിച്ച് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ 14 ശതമാനം പേര്‍ക്ക് ജിമ്മിലെ ദിനചര്യകള്‍ തങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷിയേയും ആരോഗ്യത്തേയും എങ്ങിനെ ബാധിക്കുമെന്ന് കുറച്ചെങ്കിലും അറിയാമെന്നും സര്‍വേ പഠനത്തില്‍ പറയുന്നു.

ജിമ്മിലെ വര്‍ക്കൗട്ടും അതിന്റെ പ്രയോജനങ്ങളും അവരുടെ പ്രത്യുല്‍പ്പാദന ക്ഷമതയേക്കാള്‍ പ്രധാനമാണോ എന്ന് സംബന്ധിച്ച് സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണ്. ഇത് സംബന്ധിച്ച് 38% വിയോജിക്കുകയും 28% പേര്‍ സമ്മതിക്കുകയും ചെയ്തു.

ജിമ്മിലെ തങ്ങളുടെ വര്‍ക്കൗട്ടുകള്‍ പ്രത്യുത്പാദനത്തെ ബാധിക്കുമെന്ന വിവരം ഭൂരിഭാഗം പേര്‍ക്കും അറിയില്ലെന്ന വസ്തുതയാണ് സര്‍വേയിലൂടെ വെളിപ്പെട്ടതെന്ന് ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജാക്സണ്‍ കിര്‍ക്ക്മാന്‍-ബ്രൗണ്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പുരുഷ പ്രത്യുത്പാദനക്ഷമതയില്‍ ജിം ജീവിതശൈലിയുടെ സ്വാധീനത്തെക്കുറിച്ച് വനിതാ പങ്കാളികള്‍ കൂടുതല്‍ ബോധവാന്മാരായിരുന്നുവെന്ന് ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഡോ.മ്യൂറിഗ് ഗല്ലഗെര്‍ പറഞ്ഞു.