ചൈനയിൽ അജ്ഞാത ന്യുമോണിയ രോഗം കുട്ടികളിലടക്കം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക പ്രതികരണവുമായി ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ. ന്യുമോണിയ ബാധയ്ക്ക് പിന്നിൽ ഒന്നിലധികം രോഗാണുക്കൾ ഉണ്ടെന്നാണ് വിശദീകരണം. ശ്വാസകോശ രോഗങ്ങൾ വ്യാപിക്കാൻ പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണെന്ന് കമ്മീഷൻ വക്താവ് മീ ഫെംഗ് അറിയിച്ചു. രോഗ വ്യാപനത്തിന് പിന്നിൽ പുതിയ രോഗാണുക്കൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് 19ന് സമാനമായ രീതിയിൽ പുതിയ വൈറസ് ഉടലെടുത്തുവോ എന്ന ഭീതി ലോകരാജ്യങ്ങൾ ഉന്നയിക്കുന്നതിനിടയാണ് ചൈനയുടെ വിശദീകരണം.
റൈനോ വൈറസ്, മൈക്കോപ്ലാസ്മ ന്യുമോണിയ ബാക്ടീരിയ, റെസ്പിറേറ്ററി സിൻസിഷൽ വൈറസ് എന്നിവയും ഇതിനോട് അനുബന്ധിച്ച് പടരുന്നുണ്ട്. രോഗ വ്യാപനം പരമാവധി തടയുന്നതിനായി ആവശ്യമായ മരുന്നുകളും, ചികിത്സാ കേന്ദ്രങ്ങളും ഉടനടി ഉറപ്പാക്കുന്നതാണ്. റിപ്പോർട്ട് ചെയ്ത കേസുകളിലെല്ലാം ഇതിനു മുൻപ് കണ്ടെത്തിയ രോഗാണുക്കൾ തന്നെയാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ബീജിംഗ്, ലിയോവോനിംഗ് മേഖലകളിലെ കുട്ടികളിൽ അജ്ഞാത ന്യുമോണിയ പടരുന്നുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം ആവശ്യപ്പെട്ടത്.