ഹമാസിന്റെ 4 ഉന്നത നേതാക്കളെ ഇസ്രയേൽ വധിച്ചു, കൊല്ലപ്പെട്ടവരിൽ പൊളിറ്റ് ബ്യൂറോ അംഗവും ബ്രിഗേഡ് കമാൻഡറുമായ അഹമ്മദ്
ഗാസാസിറ്റി: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഹമാസ്. വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂർ, ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാമിന്റെ റോക്കറ്റ് യൂണിറ്റ് മേധാവി അയ്മൻ സിയ്യാം എന്നിവരുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടെന്നാണ് ഹമാസ് ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, എന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.
യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഹമാസ് നേതാക്കളിൽ ഏറ്റവും ഉന്നതനാണ് അഹമ്മദ്. ഇയാൾ ഹമാസിന്റെ ഷൂറ സമിതി മുൻ അംഗവും പൊളിറ്റ് ബ്യൂറോ അംഗവുമാണ്. 2002 മുതൽ ഇസ്രയേൽ നടത്തിയ മൂന്നു വധശ്രമങ്ങളെ അഹമ്മദ് അതിജീവിച്ചിരുന്നു. അബു അനസ് എന്നപേരിലറിയപ്പെട്ടിരുന്ന ഇയാളെ 2017-ൽ യു.എസ്. ആഗോളഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇയാൾക്കുമേൽ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.
2006-ൽ കെറെം ശാലോം അതിർത്തിയിലെ ഇസ്രയേൽ സൈനികപോസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്ന് പറയപ്പെടുന്നു. അതിൽ രണ്ട് ഇസ്രയേൽ പട്ടാളക്കാർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.