ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: പശ്ചിമേഷ്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും യുഎസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കുന്നതിനും തുടര്‍ന്നുള്ള പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേളയും ഉറപ്പാക്കുന്നതാണ് കരാര്‍. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന കര ആക്രമണം നിര്‍ത്തിവെയ്ക്കുന്നതിന് പകരമായി ബന്ദികളെ ഓരോ 24 മണിക്കൂറിലും ചെറിയ ബാച്ചുകളായി മോചിപ്പിക്കും. ആറ് പേജുള്ള കരാറാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇസ്രയേല്‍, യുഎസ്, ഹമാസ് എന്നിവര്‍ക്കിടയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഇതിന് ഖത്തറില്‍ നിന്നുള്ള മധ്യസ്ഥരാണ് നേതൃത്വം നല്‍കിയത്. ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് തള്ളിക്കളഞ്ഞു . ‘ഇതുവരെ ഒരു ഡീല്‍ ഉണ്ടായിട്ടില്ല, പക്ഷേ ഒരു കരാറുണ്ടാക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്,’ വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരുപക്ഷവും ഒരു കരാറിലും എത്തിയിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.